"മോര്‍ച്ചറി "
____________
മൃത ശരീരങ്ങള്‍ പ്രണയിക്കാറില്ല
ചുംബനത്തിനായി
കൊതിക്കാറുമില്ല
തുളവീണതോണിയിലേറി
പങ്കായമില്ലാതെ മറുകരതേടി
പോകാറുമില്ല
മൃത ശരീരങ്ങള്‍ ചിരിക്കാറില്ല
ചിരിച്ചു കുരച്ചു കഫം തുപ്പി
കനിവിനായി ഇരക്കാറുമില്ല
ചെന വറ്റിയ പശുവിനെ
അറവിന് നല്‍കി
മെലിഞ്ഞ ആനയെ
തൊഴുത്തില്‍ കെട്ടാറുമില്ല
മൃതശരീരങ്ങള്‍ പരിഭവിക്കാറില്ല
പതം പറഞ്ഞു കരയാറില്ല
പരാക്രമങ്ങള്‍ കാട്ടുകയുമില്ല
ദ്രവിച്ച കരളിന്റെ കാവലിനായി
മദ്യവിരുദ്ധ കാമ്പയിനുകളൊരുക്കാറുമില്ല
എങ്കിലും ചിലപ്പോള്‍
മോര്‍ച്ചറികള്‍ക്കുള്ളിലെ
ശീതീകരിച്ച ടേബിളുകളില്‍
മൃതദേഹങ്ങള്‍ പ്രണയിക്കപ്പെടുന്നുവത്രേ
ഭോഗാര്‍ത്തിയോടെ
ചില കഴുകന്‍ ചുണ്ടുകള്‍
ഉള്‍ച്ചുരുങ്ങിയ
പാല്‍ കുടങ്ങളില്‍ അമൃത് തിരയുമ്പോള്‍
മൃതദേഹങ്ങള്‍ ചിരിക്കുന്നുണ്ടത്രേ
മൃഗതൃഷണയോടുദ്ധരിച്ച
വികാരവേഗങ്ങള്‍
ഗര്‍ഭമുഖങ്ങളില്‍ അഗ്നി പടര്‍ത്തുമ്പോള്‍
മൃതദേഹങ്ങള്‍ പരാക്രമങ്ങളെണ്ണി പറഞ്ഞു
പരിഭവിച്ചു പതം ചൊല്ലി കരയാറുണ്ടത്രേ
എവിടെ നിന്നാണ്
ഇത്രയും ഉറുമ്പുകള്‍ വരുന്നത് ..?
എന്തിനാണ് ഈ പുഴുക്കള്‍
ഇനിയും ഒളിച്ചു കളിക്കുന്നത് ..?